പോത്താനിക്കാട്: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂര്‍ മൈലാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയിലേക്ക് കംപ്രസര്‍ ട്രാക്ടർ മറിഞ്ഞ് ഓപ്പറേറ്റർ തത്ക്ഷണം മരിച്ചു.
വടാട്ടുപാറ മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി വര്‍ഗീസ് (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. വലിയ ആഴമുള്ള പാറമടയാണിത്. മുകളിൽനിന്ന് വാഹനം നിയന്ത്രണംവിട്ട് താഴേയ്ക്ക് പതിക്കുകയായിരുന്നു. താഴെ കരിങ്കല്ല് കോരിയിരുന്ന മണ്ണുമാന്തിയന്ത്രത്തിന് മുകളിലേക്കാണ് കംപ്രസര്‍ വാഹനം പതിച്ചത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബെന്നിയുടെ മൃതദേഹം ഇന്ന് രണ്ടിന് മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്കരിക്കും. ഭാര്യ: ലിസി. മകള്‍: അനീറ്റ.